സ്വയം 'മമ്മി'യാവുക.. അത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ പരമകാഷ്ഠ എന്ന് തന്നെ പറയാവുന്ന ഒന്നായിരുന്നു. വളരെ ചുരുക്കം ചിലർക്കു മാത്രം ചെയ്യാൻ സാധിച്ചിരുന്ന ഒന്നും.
ഈയടുത്താണ് ചൈനയിലെ പുരാവസ്തുഗവേഷകർ തങ്ങൾക്കു കിട്ടിയ ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു പരിശോധിക്കാൻ തീരുമാനിച്ചത്. സ്കാൻ റിസൾട്ടുകൾ വന്നപ്പോൾ അവർ ഞെട്ടിപ്പോയി. അതിനുള്ളിൽ അവർ കണ്ടെത്തിയത് പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ്.
പുരാവസ്തുരേഖകൾ പ്രകാരം അത് സാങ്ങ് എന്നുപേരായ ഒരു ബുദ്ധ സന്യാസിയുടേതാണ്. 1100 ADയിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു ധ്യാന വിദ്യാലയത്തിന്റെ കുലപതിയായിരുന്നു. അദ്ദേഹമാണ്, ചൈനയിലെ ബുദ്ധഭിക്ഷുക്കൾക്കിടയിൽ അപൂർവങ്ങളിൽ അപൂർവം എന്നുതന്നെ പറയാവുന്ന ഈ സാഹസത്തിനു മുതിർന്നത് - സ്വയം ഒരു മമ്മിയായി മാറുക. വിചാരിക്കുന്നത്ര എളുപ്പമല്ല ഈ പ്രക്രിയ.
ആദ്യത്ത ആയിരം നാൾ പാചകം ചെയ്ത ആഹാരങ്ങൾ ഉപേക്ഷിച്ച് വെറും ഫലങ്ങളും, കശുവണ്ടി, ബദാം തുടങ്ങിയ നട്ട്സും മറ്റും ആഹരിച്ച് ശരീരത്തിലെ ഫാറ്റ് പൂർണ്ണമായും ഒഴിവാക്കുന്നു. പിന്നീടുള്ള ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രമടങ്ങുന്ന ഭക്ഷണക്രമമാണ്.
അതിനുപിന്നാലെ 'ഉറുഷി' മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് വിഷച്ചായയുണ്ടാക്കി കുടിക്കുന്നു. അത് അതി ശക്തമായ ഛർദ്ദിലിനും , നിർജ്ജലീകരണത്തിനും കാരണമാവും. എന്നാൽ അതെ സമയം അത് മരണശേഷം ശരീരം പെട്ടെന്ന് വിഘടിച്ചു പോവാതിരിക്കാനും സഹായിക്കും.
ആറു വർഷം ഇങ്ങനെയുള്ള അവസ്ഥയിൽ കഴിയുന്ന സന്യാസിയെ ഒടുവിൽ ഒരു ചെറിയ കല്ലറയിൽ അടക്കും. ശ്വസിക്കാനായി ഒരു ചെറിയ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടാവും കല്ലറയിൽ. സന്യാസിയുടെ കയ്യിൽ ഒരു മണിയും ഉണ്ടാവും. കല്ലറയിൽ പത്മാസനത്തിലിരുന്ന് ആ ഭിക്ഷു, തന്റെ മരണം വരെ, മണിമുഴക്കി ധ്യാനം തുടരും. മണിയുടെ ശബ്ദം കേൾക്കാതെയായാൽ ഭിക്ഷു മരണത്തെ പുൽകി എന്ന് ഊഹിക്കണം. സമാധിയായി എന്നുറപ്പിച്ചാൽ അവർ ആ കല്ലറയെ സീൽ ചെയ്ത് 'മമ്മിഫിക്കേഷൻ' പരിപാടികളുമായി മുന്നോട്ടുനീങ്ങും
DISCLAIMER: വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ലേഖനങ്ങളുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് . ഇത് ഗസ്റ്റപ്പോ ടൈംസിന്റെ അഭിപ്രായമല്ല, ഈ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമപ്രശ്നങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. The news and articles published in various media are published here. We're not responsible for any legal issues related to these comments.