logo

വികസനം, വിശ്വാസം : കേന്ദ്ര മന്ത്രി വി. മുരളീധരന്‍

news-detail
? കേരളത്തിനുള്ള സമ്മാനമെന്നാണ് മന്ത്രിസ്ഥാനത്തെ താങ്കള്‍ വിശേഷിപ്പിച്ചത്. ഭാവി പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന എന്തിനായിരിക്കും എറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അവരുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. ഉത്സവ സമയത്തെ നിരക്ക് വര്‍ദ്ധന പരിഹരിക്കാന്‍ ശ്രമിക്കും. പ്രവാസി വോട്ടുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളുണ്ട്. ഇതിലെല്ലാം പഠിച്ചതിന് ശേഷം പ്രതികരിക്കാം. എംപി എന്ന നിലയില്‍ നേരത്തെ ഉന്നയിച്ച വിഷയങ്ങളും കേരളവുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. എല്ലാവരുടെയും വികസനമാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. അതുള്‍ക്കൊണ്ട് മുന്നോട്ടുപോകും. ? കേരളം പലപ്പോഴും കേന്ദ്രവുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിച്ചിട്ടുണ്ട്. മറ്റ് എംപിമാരുമായി സഹകരണം സാധ്യമാകുമോ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും കേരളത്തോട് വേര്‍തിരിവ് കാണിട്ടിച്ചില്ല. വികസനത്തിനായി നാലര വര്‍ഷവും, രാഷ്ട്രീയ പ്രവര്‍ത്തകരായതിനാല്‍ രാഷ്ട്രീയത്തിന് അവസാനത്തെ ആറ് മാസവും മാറ്റിവെക്കാമെന്ന് കഴിഞ്ഞ തവണ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ സമീപനത്തില്‍ മാറ്റമുണ്ടാകില്ല. എതിര്‍ത്തവരുടെ കൂടി സര്‍ക്കാരാണ് നമ്മളെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ നയം കേന്ദ്രം സ്വീകരിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. കഴിഞ്ഞ തവണ ഞങ്ങള്‍ എംപിമാര്‍ പല കാര്യങ്ങള്‍ക്കും സഹകരിച്ചിട്ടുണ്ട്. മറ്റ് എംപിമാരുമായി ഉടന്‍ ചര്‍ച്ച നടത്തി സഹകരണം അഭ്യര്‍ത്ഥിക്കും. ? പിണറായി സര്‍ക്കാരില്‍നിന്നും ഈ സമീപനം പ്രതീക്ഷിക്കാന്‍ സാധിക്കുമോ? കാര്യമെന്തെന്ന് പോലും അന്വേഷിക്കാതെയാണ് ദേശീയപാതാ വിഷയത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല തന്റെ അടുത്ത് വന്ന ഒരു പ്രശ്‌നം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ചെയ്തത്. ഇത്തരത്തില്‍ നൂറ് കണക്കിന് കത്തുകള്‍ എംപിയെന്ന നിലയില്‍ ഞാനും എഴുതുന്നതാണ്. വിഷയങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പഠിക്കാന്‍ പോലും സാധിക്കാറില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത് രാഷ്ട്രീയ പ്രശ്‌നമാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പത്ത് വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചാണെന്ന് കരുതാമായിരുന്നു. മറ്റെന്തോ പ്രശ്‌നത്തില്‍നിന്നും ശ്രദ്ധതിരിക്കാനാകാം അവര്‍ ഉദ്ദേശിച്ചത്. ? കേന്ദ്ര പദ്ധതികള്‍ നടത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്ചയുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമോ വേണ്ടത്ര താത്പര്യം എടുക്കാത്ത പ്രശ്‌നങ്ങളുണ്ട്. ബോധപൂര്‍വ്വമാണെങ്കില്‍ തിരുത്താനുള്ള നടപടികള്‍ ഉണ്ടാകും. എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്. ചില പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നിബന്ധനകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ട്. അതും പരിശോധിക്കണം. ? കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു? ബിജെപിക്ക് വളരെയേറെ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. വോട്ട് വര്‍ധിച്ചു. പത്തനംതിട്ടയില്‍ അനുകൂലമായ ജനവികാരം ഉണ്ടായിരുന്നെങ്കിലും ഏറ്റവുമധികം വിജയസാധ്യത കണക്കാക്കിയത് തിരുവനന്തപുരത്താണ്. അവിടെ ബിജെപിയുടെ വോട്ടില്‍ പറയത്തക്ക കുറവൊന്നും വന്നിട്ടില്ല. ഒന്നുകില്‍ കോണ്‍ഗ്രസ്സിന് സിപിഎം വോട്ടുകൊടുത്തു. അല്ലെങ്കില്‍ ശബരിമല പ്രശ്‌നത്തില്‍ പിണറായി വിജയനോടുള്ള ശക്തമായ അമര്‍ഷം വോട്ടര്‍മാര്‍ പ്രകടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിജയ സാധ്യതയുണ്ടെന്ന് അവര്‍ കരുതിയ പാര്‍ട്ടിക്ക് അതിന്റെ ഗുണം ലഭിച്ചു. ബിജെപി ഇതുവരെ തിരുവനന്തപുരത്ത് ജയിച്ചിട്ടില്ലാത്തതിനാല്‍ ജയസാധ്യത ഇല്ലെന്ന ധാരണ ഉണ്ടായിട്ടുണ്ടാകാം. വിശദമായി പഠിക്കേണ്ട വിഷയമാണ്. ?കേരളത്തിന് പുറത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് കടന്നുചെല്ലാന്‍ സാധിച്ചിട്ടുണ്ട്. യുപിയിലും ബംഗാളിലും ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് എംപിമാരുണ്ടായി കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അകലം പാലിക്കുന്നത് അവര്‍ സ്വയം തീരുമാനിച്ചതുകൊണ്ടല്ല. സിപിഎമ്മും കോണ്‍ഗ്രസ്സും അവരെ ബിജെപിയില്‍നിന്നും അകറ്റുന്നതില്‍ വിജയിക്കുന്നതു കൊണ്ടാണ്. ബിജെപിക്കെതിരെ സംഘടിതമായ പ്രചാരണമാണ് നടക്കുന്നത്. 15 ശതമാനത്തിനെതിരെ 85 ശതമാനത്തിന്റെ പ്രചാരണമാണിത്. ബിജെപി നടത്തുന്ന ഏത് പ്രചാരണത്തിന്റെയും ആറിരട്ടി ശക്തമായ പ്രചാരണമാണ് അവര്‍ നടത്തുന്നത്. അതില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നു. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം വരുംദിവസങ്ങളില്‍ ഉണ്ടാകും. ? വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും മുന്നേറ്റമുണ്ടാക്കിയ ബിജെപിക്ക് കേരളത്തില്‍ വിജയത്തിലെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ് സാഹചര്യം. കേരളത്തിന് വേണ്ട രാഷ്ട്രീയ സമീപനം എന്താണെന്നതിനെക്കുറിച്ച് ആലോചിക്കും. ബംഗാളിനും ത്രിപുരയ്ക്കും വേണ്ട രാഷ്ട്രീയ പദ്ധതികള്‍ എന്താണെന്ന് മനസിലാക്കി ആലോചിച്ച് നടപ്പിലാക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തിന് കേരളത്തിന്റെ മനസ്സറിഞ്ഞുള്ള പദ്ധതികള്‍ വേണം. മറ്റ് സംസ്ഥാനങ്ങളിലേത് അതേപോലെ നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. ഗോവയില്‍ ബിജെപി ഭരണത്തിലെത്തുമെന്ന് ഒരു കാലത്ത് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. തെലങ്കാനയില്‍ നാല് മാസം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചു. കേരളത്തിലും സമീപ ഭാവിയില്‍ ബിജെപി അധികാരത്തില്‍ വരും. ? ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകുമോ ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തും. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങള്‍ കണക്കിലെടുത്ത് ദേശീയ അധ്യക്ഷനുമായും പ്രധാനമന്ത്രിയുമായും നിയമ മന്ത്രിയുമായും ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാനുള്ള ശ്രമം നടത്തും. വിശ്വാസം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

DISCLAIMER: വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ലേഖനങ്ങളുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് . ഇത് ഗസ്റ്റപ്പോ ടൈംസിന്റെ അഭിപ്രായമല്ല, ഈ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമപ്രശ്നങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. The news and articles published in various media are published here. We're not responsible for any legal issues related to these comments.

Related News

Top